ആശുപത്രി വികസന സമിതി ജീവനക്കാർ ഇടത് മുന്നണിക്കൊപ്പം; കെ.ജി.എച്ച്.ഡി.എസ്.യു  ജില്ലാ ജനറൽ കൗൺസിൽ ചേർന്നു

news image
Mar 14, 2026, 1:10 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ആശുപത്രി വികസന സമിതി ജീവനക്കാരുടെ സംഘടനയായ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (KGHDSEU-CITU) കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജില്ലയിലെ മുഴുവൻ എച്ച്.ഡി.എസ് ജീവനക്കാരും രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു.

കൊയിലാണ്ടിയിലെ പുതിയ ചെത്തുതൊഴിലാളി മന്ദിരത്തിൽ (സഖാവ് കാനത്തിൽ ജമീല നഗർ) നടന്ന കൗൺസിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സഖാവ് എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിനും മെച്ചപ്പെട്ട വേതന വ്യവസ്ഥകൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സംഘടന മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സുഗമമായി പ്രവർത്തിക്കുന്നതിന് വികസന സമിതി ജീവനക്കാരുടെ സേവനം അനിവാര്യമാണ്. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്തവരാണിവർ. ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിയമാനുസൃത ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുമുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂണിയൻ നേതൃത്വം നൽകിവരികയാണെന്ന് നേതാക്കൾ വ്യക്തമാക്കി.

എം. ധർമ്മജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ലജിഷ എ.പി സ്വാഗതം പറഞ്ഞു. രശ്മി പി.എസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി. വാസുദേവൻ, വി.കെ. സുധീഷ്, സംസ്ഥാന വനിതാ സബ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ വിനീത തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe