കൊയിലാണ്ടിയിൽ ക്രാഷ് ടെൻഡർ സൗകര്യം വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Mar 14, 2026, 6:07 am GMT+0000 payyolionline.in

കൊയിലാണ്ടി: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി ക്രാഷ് ടെൻഡർ സൗകര്യം ലഭ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. നിലവിലുള്ള ഫയർ യൂണിറ്റിന് ആധുനിക സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വ്യാപാരികൾ വിലയിരുത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് പിൻവശത്തുള്ള ഫെമിൻ സിറ്റി വസ്ത്ര വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആധുനികവും ഉയർന്ന ശേഷിയുള്ളതുമായ അഗ്നിരക്ഷാ ഉപകരണങ്ങൾ ലഭ്യമായാൽ തീ പടരുന്നത് വേഗത്തിൽ നിയന്ത്രിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും കഴിയുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഹാജി, യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവൻ, സെക്രട്ടറി ടി.പി. ഇസ്മായിൽ നക്ഷത്ര, വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കർ, പ്രബീഷ് കുമാർ, ഡോക്ടർ ശശി കീഴാറ്റൂപുറത്ത്, കെ.എസ്. ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ സുധാമൃതം, ഗിരീഷ് ഗിരികല, ബഷീർ മരുതൂർ, ശിവൻ കീർത്തന എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe