പയ്യോളി: കലയും സാഹിത്യവും സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകുന്ന ചൂണ്ടുപലകകളാണെന്ന് പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം നിരവധി പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോൾ കലയും സാഹിത്യവും ഒരു മരുന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാരും കലാകാരന്മാരും കാലത്തിന് മുൻപേ സഞ്ചരിക്കുന്നവരാണെന്നും സ്നേഹത്തെയും കരുണയെയും കുറിച്ച് അവർ സമൂഹത്തെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കുട്ടികളുമായുള്ള സംവാദത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പുതുതലമുറ ഇത്തരം സർഗ്ഗാത്മക ഇടപെടലുകളിലൂടെ സഹജീവികളോട് അനുകമ്പയുള്ളവരായി വളരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സാഹിത്യ സദസ്സിൽ പങ്കാളിയായ ആരുഷ് ഹൃദിന്‍ വീരാൻകുട്ടി തന്റെ പുസ്തകം സമ്മാനമായി നൽകി.
കെ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ എം.സി. പ്രമോദ്, പി.ടി.എ പ്രസിഡന്റ് സി. പ്രമോദ്, വിവേക് പയ്യോളി, പി.എം. സുനിൽകുമാർ, കെ. സറീന, എം.പി. സംഗീത എന്നിവർ സംസാരിച്ചു.
സാഹിത്യം സമൂഹത്തിന് നൽകുന്നത് കൃത്യമായ ചൂണ്ടുപലകകൾ: കവി വീരാൻകുട്ടി
Mar 13, 2026, 2:20 pm GMT+0000
payyolionline.in
