തൃശൂർ: വയോധികൻറെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ പ്രതിയായ അയൽവാസി രാജൻ (60) അറസ്റ്റിൽ. ശശി എന്ന 62കാരനെ കഴിഞ്ഞ വർഷം തിരുവോണ ദിവസം പൊള്ളലേറ്റ് വഴിയിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ആറുമാസത്തിനു ശേഷമാണ് പിടികൂടുന്നത്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്ത കേസിൽ സംശയമുളളവരെ ചുറ്റിപ്പറ്റി നടത്തിയ നിരന്തരമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വടക്കാഞ്ചേരി പൊലീസിനെ സഹായിച്ചത്. സംഭവത്തിൽ മുപ്പതോളം പേരുടെ മൊഴിയെടുക്കുകയും സാഹചര്യം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. രാജൻ പൊലീസിന് നൽകിയ മൊഴി സംശയകരമായിരുന്നു, ഇയാളുടെ പെരുമാറ്റവും അസ്വാഭാവികമായി പൊലീസിന് തോന്നി. തുടർന്ന് പൊലീസ് ഇയാളെ തുടർച്ചയായി നിരീക്ഷിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ രാജൻ ചില ആത്മസുഹൃത്തുക്കളൊട് മാസങ്ങൾക്കു ശേഷം കുറ്റസമ്മതം നടത്തിയതായി കണ്ടെത്തുകയും അതിന്റെ തെളിവുകൾ കാര്യക്ഷമമായി ശേഖരിക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് ബന്ധുക്കൾ വരുന്ന സമയം വീടിന് സമീപത്ത് വഴിയിൽ മദ്യപിച്ച് കിടന്നതിനാണ് ചൂടു വെളളമൊഴിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഈ കേസിൽ പ്രത്യേക താല്പര്യമെടുക്കുകയും കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് സമയം നൽകുകയും ചെയ്തതിനാലാണ് കേസിൽ വളരെ ഫലപ്രദമായ രീതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു.
