നഗരസഭയുടെ കമ്യൂണിറ്റിഹാൾ എന്നുവരും… പൂട്ടിയിട്ട് എട്ടുവർഷം

news image
Mar 13, 2026, 3:43 am GMT+0000 payyolionline.in

ഫറോക്ക് : പഴയ നഗരസഭാകെട്ടിടം എന്ന് പൊളിക്കും, പുതിയ കമ്യൂണിറ്റി ഹാൾ കെട്ടിടം എന്നുവരും -ജനങ്ങളുടെ ചോദ്യങ്ങൾക്കുമുന്നിൽ അധികൃതർ നിശ്ശബ്ദമാണ്. പുതിയ കമ്യൂണിറ്റി ഹാൾ കെട്ടിടം പണിയുന്നതിനായി എട്ടുവർഷം മുൻപ്‌ താഴിട്ടുപൂട്ടിയതാണ് പഴയ നഗരസഭാകെട്ടിടം. പൂട്ടിയ താഴ് തുരുമ്പെടുത്തുനശിച്ചിട്ടും പുതിയകെട്ടിടം ഇനിയും യാഥാർഥ്യമായിട്ടില്ല. കിഫ്ബിയുടെ അനുമതി വൈകുന്നതാണ് പ്രവൃത്തി തുടങ്ങാൻ താമസമായി പറയുന്നത്.ആധുനികരീതിയിലുള്ള നാലുനിലക്കെട്ടിടം പണിയാൻ അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന്, വിശദമായ പദ്ധതിരേഖ കിഫ്ബിക്ക്‌ സമർപ്പിച്ചെങ്കിലും രൂപരേഖയിലെ പിഴവുകൾ കാരണം തിരിച്ചയച്ചിരുന്നു. പിഴവുകൾതിരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും കിഫ്ബിയുടെ അനുമതി വൈകുകയാണ്.
നാലുനിലയുള്ള കെട്ടിടത്തിൽ നഗരസഭയുടെ ഓഫീസും ഓഡിറ്റോറിയവും ചെറിയ സമ്മേളനഹാളും അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി, എൻ.യു.എൽ.എം., കുടുംബശ്രീ എന്നിവയുടെ ഓഫീസും നഗരസഭയുടെ എൻജിനിയറിങ് വിഭാഗവും പെടും. നിലവിൽ നഗരസഭാപരിധിയിൽ മുപ്പത്തിയെട്ട് വാർഡുകളാണുള്ളത്. ഈ ഡിവിഷനിൽ താമസിക്കുന്നവരെല്ലാം ചെറിയ ചടങ്ങുകൾക്കുപോലും ഭീമൻതുക മുടക്കി വർഷങ്ങളായി സ്വകാര്യഹാളുകളെടുക്കുകയാണ് ഇപ്പോൾ. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാവുമായിരുന്ന നഗരസഭാ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി തുടങ്ങാത്തത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. മാത്രമല്ല, നഗരവികസനപദ്ധതി ചർച്ചകൾ, സെമിനാറുകൾ മറ്റുസർക്കാർ പരിപാടികൾക്കെല്ലാം സ്വകാര്യ ഓഡിറ്റോറിയത്തെ ആശ്രയിക്കുകയാണ് നിലവിൽ നഗരസഭ ചെയ്യുന്നത്.
സാങ്കേതികതടസ്സം ഒഴിവാക്കി അടിയന്തരമായി സർക്കാർ ഇടപെടൽ വേണമെന്നാണ് നാട്ടുകാരും സാംസ്കാരികപ്രവർത്തകരും ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe