ഐസക്കിന്‍റെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി, അവസാന യാത്രയില്‍ ആറ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവാവ്; കരളലിയിക്കുന്ന മാതൃക

news image
Sep 11, 2025, 8:49 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് കൊച്ചിയില്‍ എത്തിച്ചു. കൊച്ചി ഹയാത്ത് ഹോട്ടലിന്‍റെ ഗ്രൗണ്ടിലാണ് എയര്‍ ആംബുലന്‍ ലാന്‍റ് ചെയ്തത്. ഇവിടെ നിന്ന് 10 മിനിറ്റിനകം ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.

ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe