‘കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല, 9 അധ്യാപകരെ പിരിച്ചുവിട്ടു, ഇനിയും നടപടിയുണ്ടാകും’; മന്ത്രി വി ശിവൻകുട്ടി

news image
Aug 19, 2025, 11:26 am GMT+0000 payyolionline.in

സ്കൂളുകളിലെ കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ച് വിട്ടെന്ന് മന്ത്രി വി.ശിവൻ കുട്ടി. 70 പേരുടെ ഫയൽ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊലീസുകാരെയും ക്ലാസുകളിൽ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ എം.അശോകന്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് മർദനമെന്നാണ് വിദ്യാർഥിയുടെ പരാതി. കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂൾ പ്രധാന അധ്യാപകൻ പനയാൽ, ബട്ടത്തൂരിലെ എം.അശോകനെതിരെ അടിച്ചു പരിക്കേൽപ്പിക്കൽ, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ റിപ്പോർട്ട് ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ ശ്രമം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe