നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്‍റെ കാര്യത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറെന്നും ശിവൻകുട്ടി

news image
Jul 15, 2025, 4:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാർ ആണെന്നും മന്ത്രി അറിയിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയത്.

വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതി വിധിയിലൂടെ ഗവർണർക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ ഗവർണർ മാറിനിൽക്കണം. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണം. സർവകലാശാലയിൽ അധികാരം സിണ്ടിക്കേറ്റിനാണ്. ഇത് മനസ്സിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടതെന്നും മന്ത്രി വിമർശിച്ചു.

 

സ്‌കൂളുകളിൽ കാല് കഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് പതിനേഴ് ഒന്ന് പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ പെടുമെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. സർവ്വീസ് റൂൾ പ്രകാരം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ ശിക്ഷാ നടപടികളെ നേരിടേണ്ടി വരുമെന്നും മന്ത്രി വിവരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe