തിരുവനന്തപുരം: കള്ള് ബ്രാന്‍ഡ് ചെയ്യുന്നതിനും ഷാപ്പുകളുടെ നവീകരണത്തിനുമൊപ്പം കള്ളുചെത്ത് തൊഴിൽ മേഖലയിലും നവീകരണം കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ്. കള്ളുചെത്ത് തൊഴിൽ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാനും കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. നിലവിലെ മുഴുവൻ തൊഴിലാളികളെയും സംരക്ഷിച്ചുകൊണ്ടായിരിക്കും നവീകരണമെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ കള്ള് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വൻ നേട്ടമുണ്ടാക്കാനാകും. കള്ളുഷാപ്പുകള്‍ പഴയപോലെ നിലനിന്നാൽ കള്ള് വ്യവസായം നശിക്കും. അതിനാല്‍, കള്ളുഷാപ്പുകൾ ഏകീകൃത രൂപത്തിൽ ആധുനികരീതിയിൽ പരിഷ്കരിക്കും. കള്ളിനായിമാത്രം ഷാപ്പുകളെ ആശ്രയിക്കുന്നതിനു പകരം സ്ത്രീകൾ ഉൾപ്പെടെ എത്തുന്ന നല്ല ഭക്ഷണശാലകളായി അവയെ മാറ്റിയെടുക്കണം.
കള്ളുചെത്ത് തൊഴിലിൽ ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായം സാധ്യമാകുമോയെന്ന് പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ മനുഷ്യ സഹായമില്ലാതെ തെങ്ങ്, പന എന്നിവയിൽ കള്ള് ചെത്താമെന്ന് അടുത്തിടെ മനസ്സിലാക്കാനിടയായി. അത്തരം ആലോചനകളിലേക്ക് കടന്നിട്ടില്ല. റിസോർട്ടുകളിൽ ഉൾപ്പെടെ കള്ള് ലഭ്യമാക്കാനുള്ള മദ്യനയം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ്. മദ്യനയത്തിലെ എഐടിയുസിയുടെ വിയോജനം അവരെ ബോധ്യപ്പെടുത്തി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.