ഡെങ്കിപ്പനി വ്യാപന സാധ്യത ; ഉറവിട നശീകരണം ശക്തമാക്കണം‌ : മന്ത്രി വീണാ ജോര്‍ജ്

news image
Jul 10, 2023, 2:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തിൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനിക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ താലൂക്ക് തലത്തിൽ തുടരണം. വാർഡുതല ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. ജെഎച്ച്ഐമാരും ജെപിഎച്ച്എൻമാരും എംഎൽഎസ്പിമാരും ആശാവർക്കർമാരും ഫീൽഡുതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. സൂപ്പർവൈസർമാർ മോണിറ്ററിങ് കൃത്യമായി ചെയ്യണം. ആശമാർക്ക് കരുതൽ ഡ്രഗ് കിറ്റ് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ കുടിവെള്ളം, ശുചിത്വം, ഡോക്‌സിസൈക്ലിൻ പ്രതിരോധം, കൊതുകു നശീകരണ പ്രവർത്തനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളക്കെട്ടും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധം പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ, സന്നദ്ധ രക്ഷാപ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ശ്രദ്ധിക്കണം. മലിനമാകാൻ സാധ്യതയുള്ള ജലസ്രോതസ്സുമായോ വെള്ളക്കെട്ടുമായോ, മൃഗങ്ങളുടെ വിസർജ്യവുമായോ സമ്പർക്കമുണ്ടായാൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കൈയുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. കൈകാലുകളിൽ മുറിവുകളുള്ളവർ ഒരു കാരണവശാലും മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കണണം.

വയറിളക്ക രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കിണറുകൾ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇൻഫ്ലുവൻസ വൈറസ് ബാധ പടരാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവർ മാസ്‌ക് ധരിക്കണം. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. മുതിർന്നവരും പൊതുസമൂഹത്തിൽ ഇടപെടാതിരുന്ന് രോഗപ്പകർച്ച കുറയ്ക്കാൻ സഹായിക്കണം. പനി ബാധിച്ചാൽ സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe