തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പിടിയിൽ. പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. ജൂൺ 13നാണ് മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.
ചാടിപ്പോയതിന് ശേഷം മാസ്കറ്റ് ഹോട്ടലിനു സമീപമാണ് ആദ്യ ദിനങ്ങളിൽ കുരങ്ങിനെ കണ്ടെത്തിയത്. അവിടെ നിന്ന് പാളയം പബ്ലിക് ലൈബ്രറിക്കു സമീപത്തേക്കും പിന്നീട് വുമൺസ് കോളജിനകത്തും എത്തിയിരുന്നു. രാത്രി കാലങ്ങളിലും കുരങ്ങ് യാത്ര ചെയ്യുന്നുണ്ടെന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിവരം.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്ക് കാണാനായി കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങ് അപ്രതീക്ഷിതമായി ചാടിപ്പോയത്. കുരങ്ങിനെ നാട്ടുകരോ മറ്റുമൃഗങ്ങളോ അക്രമിക്കുമോ എന്നായിരുന്നു മൃഗശാല അധികൃതരുടെ ആശങ്ക. കുരങ്ങ് അക്രമകാരിയല്ലെന്നും പ്രദേശവാസികൾ പ്രകോപനമുണ്ടാക്കരുതെന്നും സൂ ഡയറക്ടർ അറിയിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് തിരുപ്പതിയിൽ നിന്നെത്തിച്ച ഹനുമാൻകുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോകുന്നത്. നേരത്തെ രണ്ട് തവണയും സ്വന്തമായി തന്നെ കുരങ്ങ് തിരിച്ചുകയറിയിരുന്നു. ഇത്തവണ പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്ന് കുരങ്ങിനെ കണ്ടെത്തുകയായിരുന്നു.