പനിക്കാലം നേരിടാൻ ആശ വർക്കർമാർക്ക് കരുതൽ കിറ്റ്

news image
Jul 5, 2023, 9:52 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത് പനിക്കാലത്ത് ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനും അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ ഉണ്ടായാൽ അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ആശാ സംഗമത്തോടനുബന്ധിച്ച് കെഎംഎസ്സിഎല്ലിന്റെ ആശ കരുതൽ ഡ്രഗ് കിറ്റ് മന്ത്രി പുറത്തിറക്കിയിരുന്നു. താഴെത്തട്ടിൽ ജനങ്ങളുമായി ഏറ്റവും അടുത്ത് നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണ് ആശ വർക്കർമാർ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 26,125 ആശമാർ പ്രവർത്തിച്ചുവരുന്നു. പാരസെറ്റമോൾ ഗുളിക, പാരസെറ്റമോൾ സിറപ്പ്, ആൽബെൻഡാസോൾ, അയൺ ഫോളിക് ആസിഡ് ഗുളിക, ഒആർഎസ് പാക്കറ്റ്, പൊവിഡോൺ അയോഡിൻ ഓയിന്റ്‌മെന്റ്, പൊവിഡോൺ അയോഡിൻ ലോഷൻ, ബാൻഡ് എയ്ഡ്, കോട്ടൺ റോൾ, ഡിജിറ്റൽ തെർമോമീറ്റർ തുടങ്ങിയ പത്തിനമാണ് ആശാ കരുതൽ കിറ്റിലുണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് മരുന്നിന്റെ ആദ്യ ഡോസ് നൽകിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ, കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫർ ചെയ്യേണ്ടതാണ്.

കെ.എം.എസ്.സി.എൽ. മുഖേന ആരോഗ്യ സ്ഥാപനങ്ങളിലേക്കാണ് ആശാ കരുതൽ ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. സ്ഥാപനത്തിൽ നിന്നും ജെപിഎച്ച്എൻ സ്റ്റോക്കിൽ എടുത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം ആശമാർ മുഖാന്തിരം ഫീൽഡിൽ ഉപയോഗിക്കേണ്ടതുമാണ്. കിറ്റിൽ ഉൾപ്പെടുത്തിയ സാമഗ്രികളിൽ കുറവ് വരുന്നതിന് അനുസരിച്ച് മാതൃസ്ഥാപനത്തിൽ നിന്നും സ്റ്റോക്ക് പുന: സ്ഥാപിക്കേണ്ടതാണ്. മരുന്നിന്റെ അളവ്, മരുന്നുകൾ ഉപയോഗിക്കേണ്ട വിധം എന്നിവയെ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ആശമാർ കൃത്യമായി പാലിക്കേണ്ടതാണെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe