‘വോട്ട് ചോരി’; കെസി വേണുഗോപാലിനെതിരെ പരോക്ഷ വിമർശനം; തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

news image
May 13, 2026, 8:33 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് തീരുമാനം വൈകിയ സാഹചര്യത്തിൽ കെസി വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ച് സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. സാറാ ജോസഫ്, എംഎൻ കാരശേരി, കല്പറ്റ നാരായണൻ, കെ. ജി. ശങ്കരപ്പിള്ള, യു. കെ. കുമാരൻ, എസ്. ജോസഫ്, ഡോ ആസാദ്, ഡോ സി.ജെ ജോർജ് എന്നിവരാണ് വിമർശനവുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വലിയ ഭൂരിപക്ഷം നേടിയ മുന്നണി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ജനവിധിയുടെ ആത്മാവുകാണാൻ ശേഷിയില്ലാത്തതാണ് ഈ പ്രശ്നത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു.

വോട്ട് ചോരിക്കെതിരെ ജനാധിപത്യ സംരക്ഷണ പ്രതിരോധം തീർക്കുകയെന്ന ആവശ്യത്തോടെയാണ് ഇവർ രംഗത്ത് വന്നത്. ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാൻ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങൾ കാണുന്നതെന്ന് ഇവരുടെ പ്രസ്താവനയിലുണ്ട്. എംഎൽഎയല്ലാത്ത കെസി വേണുഗോപാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനെയാണ് ‘വോട്ട് ചോരി’ എന്ന പ്രയോഗത്തിലൂടെ വിമർശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിച്ച് വോട്ടുചോരി സംസ്കാരത്തിന് ഊന്നുകാൽ നൽകുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ എന്നും വിമർശിക്കുന്നു.

‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ തങ്ങളുടെ കൂട്ടത്തിൽനിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാൾ തെരഞ്ഞെടുപ്പിൽ തോൽക്കാനിടയായാൽ ചിലപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗർഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. അതിൽ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാർഹമായ സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോൺഗ്രസ്സിന്റേ ആഭ്യന്തരപ്രശ്നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങൾ അവരെ ഓർമ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങൾക്കെതിരായ യുദ്ധമാണ്. അതിൽ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിൻ്റെ ജനാധിപത്യധർമ്മമാണ്.’

‘കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദർഭത്തിൻ്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ജനാധിപത്യധ്വംസനത്തിന് ഇട നൽകാതെ ജനവികാരം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നു.’ ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാൻ ജനാധിപത്യ വിശ്വാസികളായ സാംസ്കാരിക പ്രവർത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്‌ത ഇവർ, പൊതുസമൂഹത്തിനൊപ്പം കൈകോർത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീർക്കാനും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe