ബംഗളൂരു: കർണാടക മന്ത്രിസഭ വകുപ്പുകളിൽ ചെറിയ മാറ്റം വരുത്തി. പുതിയ വകുപ്പു പട്ടികയിൽ തിങ്കളാഴ്ച ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് ഒപ്പുവെച്ചു. ഗതാഗത വകുപ്പ് മാത്രം ലഭിച്ച മന്ത്രി ആർ. രാമലിംഗ റെഡ്ഡിക്ക് മുസ്റെ വകുപ്പുകൂടി അനുവദിച്ചു.
നേരത്തെ മന്ത്രി ആർ.ബി. തിമ്മാപൂരിന് എക്സൈസ് വകുപ്പിനൊപ്പം മുസ്റെ വകുപ്പും നൽകിയത് എക്സൈസ് മാത്രമാക്കി നിലനിർത്തി. റായ്ച്ചൂരിൽനിന്നുള്ള മന്ത്രിയായ എൻ.എസ്. ബൊസെരാജുവിന് ടൂറിസം, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളായിരുന്നു നൽകിയിരുന്നത്.
ഇതിൽ ടൂറിസം വകുപ്പ് എച്ച്.കെ. പാട്ടീലിന് നൽകി. ശരൺ പ്രകാശ് പാട്ടീലിന് നൽകിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡോ.എം.സി. സുധാകറിനും സുധാകറിന് നൽകിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ശരൺപ്രകാശിനും പരസ്പരം കൈമാറി. മറ്റു പ്രധാന വകുപ്പുകളിലൊന്നും മാറ്റമില്ല.
വ്യവസായ വകുപ്പിനൊപ്പം ഐ.ടി-ബി.ടി വകുപ്പും എം.ബി പാട്ടീലിനായിരുന്നു അനുവദിച്ചിരുന്നത്. ഇതിൽ ഐ.ടി-ബി.ടി വകുപ്പ് തിരിച്ചെടുത്തു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കീഴിലാക്കി. ധനകാര്യം, ഇന്റലിജൻസ്, കാബിനറ്റ് അഫയേഴ്സ്, ഭരണ പരിഷ്കാര വകുപ്പ്, ഇൻഫർമേഷൻ, അടിസ്ഥാന സൗകര്യ വികസന വകുപ്പ് അടക്കം മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്.