തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
അതേസമയം കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ രാവിലത്തെ പ്രതികരണത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്തെത്തി. നിഖിൽ തോമസ് കൊണ്ടുവന്ന രേഖകൾ പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാവിലത്തെ പ്രതികരണമെന്നാണ് ആർഷോ വിശദീകരിച്ചത്. കലിംഗയിൽ പോയി പരിശോധന നടത്താൻ എസ് എഫ് ഐക്കാവില്ലെന്നും നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നാണ് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.
ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ പൂർണ്ണമായും ന്യായീകരിച്ചാണ് രാവിലെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. നിഖിൽ ഹാജരാക്കിയ കലിംഗ സർവ്വകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയെന്നടക്കം ആർഷോ വിശദീകരിച്ചിരുന്നു. 2018 മുതൽ 21 വരെ നിഖിൽ കലിംഗയിൽ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നും എസ് എഫ് ഐ സെക്രട്ടറി പറഞ്ഞിരുന്നു.
എന്നാൽ ഉച്ചയോടെ കലിംഗ സർവ്വകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി, എസ് എഫ് ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നാണ് കലിംഗ രജിസ്ട്രാർ വെളിപ്പെടുത്തിയത്. മാധ്യമ വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചെന്നും കലിംഗ രജിസ്ട്രാർ വിവരിച്ചു.