28-കാരിയെ ​ഗർഭിണിയാക്കി ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

news image
Oct 26, 2026, 1:48 am GMT+0000 payyolionline.in

പത്തനംതിട്ട: യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി(ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി.കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ നേരത്തേ ജോലിചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി ബന്ധം സ്ഥാപിച്ച വിനോദ് കൃഷ്ണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പംകൊണ്ടുപോയി. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു. ഒരു കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു. ഇതിനിടെ യുവതി ​ഗർഭിണിയായി. ​ഗർഭിണിയായപ്പോൾ ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാൽ, ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്പി അന്വേഷണം നടത്തി ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

അതേസമയം, വിനോദ് കൃഷ്ണനെതിരേ ക്രിമിനൽ കേസെടുക്കേണ്ടെന്നാണ് യുവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. സിഐയായ വിനോദ് കൃഷ്ണന് സർവീസിൽനിന്ന് വിരമിക്കാൻ ഇനി രണ്ടുവർഷം കൂടിയാണ് ബാക്കിയുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe