അഴിയൂർ : സ്വന്തമായി ഫീഡറില്ലാത്തതിനെത്തുടർന്ന് കെഎസ്ഇബി അഴിയൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി തടസ്സം രൂക്ഷമാകുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് കൊടും ചൂടിൽ ജനങ്ങളെ വലയ്ക്കുകയാണ്. നിലവിൽ വടകര, ഓർക്കാട്ടേരി സബ്സ്റ്റേഷനുകളിൽ നിന്നുള്ള ഒഞ്ചിയം, തുരുത്തിമുക്ക്, മടപ്പള്ളി ഫീഡറുകൾ വഴിയാണ് അഴിയൂരിലേക്ക് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ ഉപഭോഗം വർധിച്ചതോടെ ഈ ലൈനുകൾ വഴിയുള്ള വിതരണം താളംതെറ്റുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പാനൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്ന് അഴിയൂരിലേക്ക് മാത്രമായി പ്രത്യേക ഫീഡർ വലിക്കാനുള്ള രണ്ട് കോടി രൂപയുടെ ബൃഹദ് പദ്ധതി നിലവിൽ ബോർഡിന്റെ പരിഗണനയിലുണ്ട്. പാനൂർ മുതൽ പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റർ ഭൂഗർഭ കേബിൾ വലിച്ചും തുടർന്ന് മോന്താൽപ്പാലം വഴി ലൈൻ അഴിയൂർ സെക്ഷനിൽ എത്തിക്കാനുമാണ് രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരം കാര്യാലയത്തിൽ നിന്ന് ഇതിന് അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. എന്ന് അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ ഓഫീസിനും കൃത്യമായ വിവരമില്ല.
84 ട്രാൻസ്ഫോർമറുകളും പതിനാലായിരത്തോളം കണക്ഷനുകളുമുള്ള അഴിയൂർ സെക്ഷനിൽ നിന്ന് മാസം ഒന്നര കോടിയോളം രൂപയാണ് കെഎസ്ഇബിക്ക് വരുമാനമായി ലഭിക്കുന്നത്. ഓർക്കാട്ടേരിയിൽ 220 കെവി സബ്സ്റ്റേഷൻ വന്നാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അഴിയൂരിനായി പ്രത്യേക ഫീഡർ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മുടക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മർവാൻ അഴിയൂർ അധ്യക്ഷത വഹിച്ചു. യു.എ. റഹീം, നവാസ് നെല്ലോളി, സാജിദ് നെല്ലോളി, റാജിസ് അഴിയൂർ, ഫൈസൽ ടി.കെ എന്നിവർ സംസാരിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് അധികൃതർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി. പ്രത്യേക ഫീഡർ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് എന്നിവരും ആവശ്യപ്പെട്ടു.
