കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതനിയന്ത്രണം: ഓവുചാൽ നിർമാണം തുടരുന്നു

news image
Apr 28, 2026, 5:08 am GMT+0000 payyolionline.in

കൊയിലാണ്ടി: നഗരത്തിലെ പ്രധാന പാതകളിലൊന്നായ റെയിൽവേ സ്റ്റേഷൻ റോഡിൽ ഫയർ സ്റ്റേഷന് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചതിനെത്തുടർന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയിൽ നിന്ന് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലൂടെ പോകുന്ന റോഡിലാണ് നിലവിൽ പ്രവൃത്തി നടക്കുന്നത്. റോഡിന് കുറുകെ ചാലുകീറിയുള്ള നിർമാണമായതിനാൽ ഈ വഴിയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

​നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം ഒരു മാസത്തോളം സമയമെടുക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നുള്ള ടൗൺഹാൾ റോഡോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ മറ്റ് പ്രവേശന കവാടങ്ങളോ ഉപയോഗിക്കേണ്ടതാണ്. ദേശീയപാതയിൽ നിന്ന് ഈ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങൾ ഫയർ സ്റ്റേഷൻ വരെ എത്തിയ ശേഷം തിരിച്ചുപോകേണ്ടി വരുന്നത് വലിയ യാത്രാദുരിതത്തിന് കാരണമാകുന്നുണ്ട്.

​റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങൾ റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. ഇത് അടിയന്തര സാഹചര്യങ്ങളിൽ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനും വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. നിർമാണം നടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ ഇതര റോഡുകൾ ഉപയോഗിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe