കൊച്ചി∙ സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച് വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു. ‘പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല… തികച്ചും സ്വതന്ത്രൻ… എല്ലാത്തിൽനിന്നും മോചിതനായി… ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം ഹരി ഓം…’– എന്നാണ് രാമസിംഹൻ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചത്.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. സംവിധായകൻ രാജസേനനയും ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. രാജസേനൻ സിപിഎമ്മിൽ ചേർന്നിരുന്നു.