‘സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു’; വീഡിയോ പുറത്തുവിട്ട് പരാതിക്കാ‍‍ർ

news image
Jun 17, 2023, 3:39 pm GMT+0000 payyolionline.in

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉള്‍പ്പെടുന്ന വഞ്ചനകേസിൽ  കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാർ. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പരാതിക്കാർ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരിൽ ഒരാളായ ഷെമീർ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാർ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീർ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ 2021 സെപ്തംബറിലാണ് അറസ്റ്റിലാകുന്നത്. ഇതിന് ശേഷം കെ.സുധാകരനും മോൻസനുമായുള്ള ചിത്രങ്ങള്‍ പുറത്തുവരുകയും വിവാദമുയരുകയും ചെയ്തു. സുധാകരൻ പണം വാങ്ങിയെന്ന ആരോപണം പരാതിക്കാർ ഉന്നയിച്ചതിന് പിന്നിലെയാണ് ഇടനിലക്കാരനായ എബിൻ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് പരാതിക്കാരൻ ഷെമീർ പറയുന്നു. ഒക്ടോബറിലാണ് ഹോട്ടലിൽ ചർച്ച നടന്നത്. മോൻസനെതിരെ പരാതി നൽകിയ ഷെമീർ, യാക്കോബ്, അനുപ് എന്നിവരുമായി എബിൻ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സുധാകരൻ പണം വാങ്ങുന്നത് കണ്ടുവെന്ന രഹസ്യമൊഴി നൽകിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജിത്തും ദൃശ്യങ്ങളിലുണ്ട്. സുധാകരൻ പണം വാങ്ങിയെന്ന് മൊഴി നൽകരുതെന്നായിരുന്നു എബിന്റെ ആവശ്യം.  മോൻസനെതിരെ വ്യാജ ചികിത്സക്ക് സുധാകരൻ പരാതി നൽകുമെന്ന് ഉറപ്പു നൽകി പിരിഞ്ഞതാണെന്നും പരാതിക്കാർ പറയുന്നു. സുധാകരനെതിരെ മൊഴി നൽകാതിരുന്നാൽ ലക്ഷദ്വീപിൽ കരാർപണികള്‍ ഉറപ്പിക്കാമെന്ന വാദ്ഗാനം ചെയ്യുന്ന വാട്സ് ആപ്പ് ചാറ്റുകളും പരാതിക്കാർ പുറത്തുവിട്ടു. സുധാകരൻ പരാതി നൽകാത്തിനെ തുടർന്നാണ് വ‍ഞ്ചാ കേസുമായ മുന്നോട്ടുപോയതെന്നാണ് പരാതിക്കാർ പറയുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പരാതിക്കാർ പുറത്തുവിട്ടത്.

എന്നാൽ അതേ സമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പങ്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ ആവ‍ര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നുമാണ്  നേരത്തെ മോൻസൻ മാവുങ്കൽ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe