സില്‍വര്‍ലൈന്‍ പദ്ധതി: മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ. സുധാകരന്‍

news image
Jul 15, 2023, 9:36 am GMT+0000 payyolionline.in

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയിൽ മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ ഉപേക്ഷിച്ച് പുതിയ പദ്ധയിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡി.പി.ആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം 13.49 കോടി രൂപ ശമ്പളം ഉള്‍പ്പെടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് 20.5 കോടി രൂപ നൽകി. 197 കിലോ മീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി രൂപ ചെലവായി. സില്‍വര്‍ലൈന്‍ കൈപ്പുസ്തകം, സംസ്ഥാനവ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ കൂടി കൂട്ടിയാല്‍ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇതു താങ്ങാനാകുന്നതല്ല.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ തെരഞ്ഞെടുത്ത 955.13 ഹെക്ടര്‍ പ്രദേശത്തെ ആളുകളുടെ അവസ്ഥയാണ് പരിതാപകരം. 9000 പേരുടെ വീടുകളും കടകളുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവയൊന്നും മറ്റൊരു കാര്യത്തിനും വിനിയോഗിക്കാനാകുന്നില്ല. ബാങ്ക് വായ്പ, വിവാഹം, വിദേശയാത്ര തുടങ്ങിയ പല കാര്യങ്ങളും മുടങ്ങുന്നു. അതിലേറെ കഷ്ടമാണ് കേസില്‍ കുടുങ്ങിയവരുടെ കാര്യം. 11 ജില്ലകളിലായി 250 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരത്തിനിറങ്ങിയ ആയിരത്തിലേറെ പേരാണ് പൊലീസ് സ്‌റ്റേഷനും കോടതിയും കയറിയിറങ്ങുന്നത്.

കെ റെയില്‍ നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി തത്ക്കാലം മരവിപ്പിച്ചെങ്കിലും ഇതില്‍ കുത്തിനിറച്ചിരിക്കുന്ന സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ ചെലവില്‍ തുടരുന്നു. ജോണ്‍ ബ്രിട്ടാസ് എന്ന സി.പി.എം എം.പിയുടെ ഭാര്യയാണ് കെ റെയില്‍ ജനറല്‍ മാനേജര്‍. സി.പി.എം നേതാവ് ആനാവൂര്‍ നാഗപ്പിന്റെ ബന്ധു അനില്‍ കുമാറാണ് കമ്പനി സെക്രട്ടറി. കെ റെയില്‍ എം.ഡി അജിത് കുമാര്‍ വന്‍തുക നൽകി വാടകക്ക് എടുത്തിരിക്കുന്നത് സ്വന്തം ഭാര്യയുടെ വീടാണ്. കെ റെയിലില്‍ കുത്തി നിറച്ചിരിക്കുന്ന ജീവനക്കാരെല്ലാം തന്നെ സി.പി.എമ്മുകാരെയാണ്.

തലക്കുവെളിവുള്ള സകലരും സില്‍വര്‍ലൈന്‍ പദ്ധതിയെ തുറന്നെതിര്‍ത്തിട്ടും വിദേശവായ്പയില്‍ ലഭിക്കുന്ന കമീഷനില്‍ കണ്ണുംനട്ട് കേരളത്തെ ഒറ്റുകൊടുക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസും യു.ഡി.എഫും നാട്ടുകാരും തുറന്നെതിര്‍ത്തതുകൊണ്ടാണ്. അന്ന് സില്‍വര്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് എതിര്‍ത്ത ബി.ജെ.പിയാണ് പുതിയ പദ്ധതിയുടെ ചരടുവലിക്കുന്നത്. സംസ്ഥാനത്തിനു താങ്ങാനാവാത്ത ഒരു ലക്ഷം കോടി രൂപയുടെ ചെലവ്, വിദേശവായ്പയുടെ കാണാച്ചരടുകള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പുതിയ പദ്ധതിയില്‍ പ്രത്യക്ഷത്തില്‍ കാണുന്നുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe