തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് എഫ്ഐആർ ഇട്ടതെന്ന കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ പ്രസ്താവന വിവാദത്തിൽ. തങ്ങളെ പ്രതി ചേർത്തത് രാഷ്ട്രീയ വേട്ടയെന്ന് തെളിഞ്ഞെന്ന് പറഞ്ഞ പി ജയരാജൻ, സുധാകരന്റേത് ക്രിമിനൽ ഗൂഢാലോചന കുറ്റമാണെന്നും ഷുക്കൂർ കേസിൽ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അരിയിൽ കേസിൽ പൊലീസിനെ വിരട്ടിയാണ് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തതെന്ന് ബിആർഎം ഷഫീറിന്റെ പ്രസ്താവന പി ജയരാജനും സിപിഎം കേന്ദ്രങ്ങളും ആയുധമാക്കുകയാണ്. കേസിലെ രാഷ്ട്രീയ ഇടപെടലിന് തെളിവാണിതെന്ന് ജയരാജൻ പറഞ്ഞു. സിബിഐയെ സ്വാധീനിച്ചത് കെ സുധാകരനാണെന്നും ഇതോടെ തെളിഞ്ഞു. അന്വേഷണ ഏജൻസികളെ സ്വാധീനിക്കുന്നത്, ക്രിമിനൽ ഗൂഢാലോചനയ്ക്ക് സമാനമായ കുറ്റകൃത്യമാണ്. ഇതിൽ അന്വേഷണം വേണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് നിയമനടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ സിബിഐയെ സ്വാധീനിക്കാനും കെ സുധാകരൻ ശ്രമിച്ചെന്ന് ഷഫീറിന്‍റെ പ്രസംഗത്തിലൂടെ തെളിഞ്ഞെന്നും പി ജയരാജൻ ആരോപിക്കുന്നു. ആർഎസ്എസുമായി സുധാകരനുള്ള ജൈവ ബന്ധവും തെളിഞ്ഞു. സംഭവം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും രാഷ്ട്രീയ വേട്ടയാടൽ അനുവദിക്കില്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിൽ വരുന്ന ആദ്യ കെപിസിസി പ്രസിഡന്റാണ് സുധാകരന്‍, എല്ലാം പൊതു സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മോൻസൻ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും സുധാകരനെതിരെ അന്വേഷണം തുടരുമ്പോഴാണ്, ഷഫീറിന്‍റെ പ്രസ്താവന ആയുധമാക്കി സുധാകരനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം അന്വേഷിക്കാൻ സിപിഎം വഴി നോക്കുന്നത്.