സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: വീണയുടെ ചോദ്യം ചെയ്യൽ ഉടൻ ഇല്ല, കോടതി ഉത്തരവ് പരിശോധിച്ച് തുടർനടപടിയെന്ന് ഇ ഡി

news image
Jun 2, 2026, 4:14 am GMT+0000 payyolionline.in

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വിണ ടി-യുടെ ചോദ്യം ചെയ്യൽ ഉടൻ ഇല്ല. സിഎംആർഎല്ലിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇ ഡി സമൻസ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടർനടപടിയെന്നും ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സിഎംആർഎല്ലിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക. വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ യാതൊരുവിധത്തിലുള്ള കർശന നടപടികളും പാടില്ലെന്ന് കോടതി ഇ ഡിക്ക് നിർദേശം നൽകിയിരുന്നു. സിഎംആർഎൽ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ ടിയുടെ ചോദ്യം ചെയ്യൽ ഉടനുണ്ടാകില്ലെന്ന് ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വീണയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ഇ ഡിയുടെ പരിശോധന തുടരുകയാണ്.

ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച സിഎംആർഎല്ലിന്റെ ഹർജി പരിഗണിച്ചത്. ഇ ഡിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആർഎൽ ആരോപിച്ചത്. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇ ഡിക്ക് പറയാൻ കഴിയില്ല. ഇ ഡിയുടെ സമൻസ് കോടിയിൽ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസ്സഹകരണം അല്ല. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. ഇ ഡിയുടെ സമൻസിന് അന്വേഷണ സ്വഭാവം ഉണ്ട്. എഫ്ഐആർ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അധികാര പരിധി മറികടന്നാണ് ഇ ഡിയുടെ അന്വേഷണമെന്നും സിഎംആർഎൽ വാദിച്ചു.

രേഖകൾ ക്രോഡീകരിച്ച് വെയ്ക്കുകയാണ് ചെയ്തതെന്നാണ് ഇ ഡി കോടതിയിൽ പറഞ്ഞത്. നടപടിക്ക് ആധാരമായ കുറ്റകൃത്യമുണ്ട്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്താൻ പിഎംഎൽഎ നിയമപ്രകാരം ഇ ഡിക്ക് അധികാരമുണ്ടെന്നും ഇ ഡി വിശദീകരിച്ചു. വാദം കേട്ടശേഷം വിധി പറയുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe