കോഴിക്കോട്> സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്നാം സഹസ്രാബ്‌ദത്തിൽ ലോകത്തിന്റെ വിജ്ഞാനഘടനയുമായി കേരളത്തെ ബന്ധിപ്പിക്കാനാണ് ശ്രമമെന്നും കോഴിക്കോട് കടപ്പുറത്ത് ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ഉദ്‌ഘാടനംചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പലയിടത്തും ജനാധിപത്യത്തിനുമേൽ രാജവാഴ്‌ചയുടെ ചെങ്കോൽ ഉയർത്താനും ജനതയെ പ്രജകൾ മാത്രമായി അടക്കിനിർത്താനും ശ്രമമുണ്ട്. മതാത്മക നാമജപം നടത്തി ജനങ്ങളെ അടക്കിനിർത്താൻ ശ്രമം ഉണ്ടാകുന്നു. വർഗീയ നീക്കങ്ങൾക്കെതിരെ പൊരുതാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക് കഴിയും. പൊതു ഇടങ്ങളിലെ സംവാദങ്ങൾ സൃഷ്ടിക്കുന്ന ഊർജമാണ് സമൂഹത്തെ നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എം ടി വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി. കവി കെ സച്ചിദാനന്ദൻ, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, രവി ഡീസി, തുർക്കി അംബാസഡർ ഫിറാത് സുനേൽ, സ്വീഡൻ എംബസി പ്രതിനിധി ക്രിസ്ത്യൻ കാമിൽ, മണിശങ്കർ അയ്യർ, നടി ഷീല, മല്ലിക സാരാഭായ്, എഴുത്തുകാരായ കെ ആർ മീര, എം മുകുന്ദൻ, കലക്ടർ സ്നേഹിൽ കുമാർ സിങ്, എ പ്രദീപ് കുമാർ, ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. എം എസ് ദിലീപ് രചിച്ച ഷീലയുടെ ജീവചരിത്രം ‘കഥ പറയുന്ന ജീവിതം’ മുഖ്യമന്ത്രി എം മുകുന്ദന് നൽകി പ്രകാശിപ്പിച്ചു.
ഏഴ് വേദികളിലായി മുന്നൂറിലധികം സെഷനുകളാണ് ഇത്തവണ കെൽഎൽഎഫിൽ അരങ്ങേറുക. പിയൂഷ് പാണ്ഡെ, ഹരീഷ് ശിവരാമകൃഷ്‌ണൻ, മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവർ അതിഥികളായെത്തി. ടി എം കൃഷ്‌ണയും വിക്കു വിനായകവും നയിച്ച സംഗീത പരിപാടിയും അരങ്ങേറി.