പാല്‍ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍; സര്‍ക്കാരിന് കത്ത് നല്‍കും

news image
Nov 12, 2026, 1:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാൽ വില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. വില വർധന അനിവാര്യമാണെന്നും, ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത ദിവസം സർക്കാരിന് കത്ത് നൽകും.
വിലക്കയറ്റത്തിനിടെയാണ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി. ഇതുസംബന്ധിച്ച തീരുമാനം മേഖല യൂണിയൻ ഡയറക്ടർ ബോർഡ് യോഗത്തിലാണ് കൈക്കൊണ്ടത്. അടുത്ത ദിവസം തന്നെ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകും. ക്ഷീരകർഷകർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധന ആവശ്യപ്പെടാൻ കാരണമായി മിൽമ ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയുടെ വില വർധിച്ചതോടെ ഉൽപാദനച്ചെലവ് കുത്തനെ ഉയർന്നു. നിലവിലെ പാൽവിലയിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും കർഷകരെ സഹായിക്കാൻ വില വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് യൂണിയന്റെ നിലപാട്.

മിൽമ തിരുവനന്തപുരം മേഖല യൂണിയനെ സർക്കാർ പിരിച്ചുവിട്ടതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ഭരണസമിതിക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഭാരവാഹികൾ വീണ്ടും ചുമതലയേറ്റത്. ഇതിന് പിന്നാലെ ചേർന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിലാണ് പാൽവില 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. അതിനിടെ അമൂൽ പാലിനും വില വർധിപ്പിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ മുതൽ ആറ് രൂപ വരെയാണ് വർധിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe