കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ ഇ.ഡി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മെഡിക്കൽ രേഖകൾ എത്രയും വേഗം വിളിച്ചുവരുത്തി ഹാജരാക്കണമെന്ന് രജിസ്ട്രിക്ക് ഹൈകോടതിയുടെ നിർദേശം. കാൽമുട്ട് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഹരജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ കേസിൽ ഫെബ്രുവരി 14നാണ് അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം എന്ന ആവശ്യം നേരത്തേ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ശിവങ്കറിന്റെ ജാമ്യ ഹരജി നേരത്തേ ഹൈകോടതി തള്ളിയതിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയിൽ തീരുമാനം വൈകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വിചാരണകോടതി ഈ ഹരജി തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇ.ഡി കോടതിയെ അറിയിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് ഇടക്കാല ജാമ്യത്തിന് സമർപ്പിച്ച അപേക്ഷയെ എതിർക്കുന്നതെന്തിനെന്ന് കോടതി ആരാഞ്ഞിരുന്നു.
ചികിത്സ ആവശ്യത്തിനെന്ന തെറ്റായ കാര്യം ഉന്നയിച്ച് മുമ്പ് ശിവശങ്കർ ജാമ്യം നേടിയെന്നായിരുന്നു ഇ.ഡി വിശദീകരണം. തുടർന്ന്, ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകിയെങ്കിലും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് വിളിച്ചുവരുത്താൻ രജിസ്ട്രിക്ക് നിർദേശം നൽകിയത്.