ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെഡോക്ടർക്ക് സസ്പെൻഷൻ

news image
Jul 12, 2023, 2:06 pm GMT+0000 payyolionline.in

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതിന് ഇയാളെ പിടികൂടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറാണ് ഷെറി ഐസക്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

സർജറിക്ക് തീയതി നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ  ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് പരാതിക്കാരനിൽനിന്ന് ഷെറി  ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.

കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും നടക്കും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതിനെ തുടർന്നാണ് കേസിൽ ഇഡി ഇടപെടുന്നത്. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കും. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോ സർജൻ ഡോ. ഷെറി ഐസക്കാണ് ഇന്നലെ കൈക്കൂലി കേസിൽ അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്ക് മൂവായിരം രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe