തൃശൂർ∙ ബിജെപി നടത്തുന്ന സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നു നടിയും നർത്തകിയുമായ ശോഭന. പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ‘‘വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്’’– ശോഭന പറഞ്ഞു. ക്രിക്കറ്റ് താരം മിന്നുമണി, പെൻഷൻ സമരം നടത്തിയ മറിയക്കുട്ടി തുടങ്ങി നിരവധിപ്പേർ വേദിയിലെത്തി. ബിജെപി പങ്കെടുക്കുന്ന വേദിയിൽ അൽഫോൻസാമ്മയുടെ ചിത്രവും ഉണ്ട്. മോദിയും മാർപ്പാപ്പയും കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും പലയിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്.
മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിൽ തുടങ്ങി. അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നിയന്ത്രണത്തിലുള്ള സമ്മേളനനഗരിയും പരിസരവും സായുധ സേനാംഗങ്ങളുടെ കാവലിലാണ്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയും വേദിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.