ചെന്നൈ: കടലുകൾ എണ്ണമറ്റ ജീവികളുടെ വാസസ്ഥലമാണ്.അവയിൽ പലതും നമുക്ക് ഇന്നും അജ്ഞാതവുമാണ്. ഇത്തരത്തിലുള്ള അനേകം ജീവികളിൽ ഒന്നാണ് ഓർഫിഷ്.
അസാധാരണമായ രൂപഭാവവും മുൻപ് നടന്ന ചില നിർഭാഗ്യകരമായ സംഭവങ്ങളുമായുള്ള ബന്ധവും കാരണം ഓര്‍ഫിഷ് പലർക്കും താൽപ്പര്യമുള്ള ഒരു അപൂർവ ജീവിയാണ്. ഇപ്പോഴിതാ ഇന്ത്യൻ തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഈ കൗതുകകരമായ മത്സ്യത്തെ പിടികൂടിയ വാര്‍ത്ത പുറത്തുവരുന്നു.
റെഗാലെക്കസ് ഗ്ലെസ്‌നെ (Regalecus glesne) എന്ന് ശാസ്ത്രീയ നാമമുള്ള ഓർഫിഷ്, 30 അടി വരെ നീളം വെക്കാൻ കഴിയുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. ആഴക്കടലിൽ സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെ ആഴത്തിലാണ് ഇവയെ കാണപ്പെടുന്നത്. വളരെ അപൂർവമായി മാത്രമേ ഇത് ഉപരിതലത്തിലേക്ക് വരാറുള്ളൂ എന്ന് ചുരുക്കം. അങ്ങനെ ഉപരിതലത്തിനോട് ചേര്‍ന്ന് ഓര്‍ഫിഷിനെ കണ്ടെത്തുന്നത് അത്യപൂർവമാണ്, അങ്ങനെയൊരു കാഴ്ച വലിയ കൗതുകമുണ്ടാക്കും.