മലപ്പുറം: ‘തൊപ്പി’ എന്ന യൂട്യൂബ് വ്ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന് വളാഞ്ചേരി പൊലീസ് എടുത്ത കേസിൽ സ്റ്റേഷൻ ജാമ്യം നൽകും. അതേസമയം, തൊപ്പിയെ കണ്ണൂർ കണ്ണപുരം പൊലീസിന് ഇന്ന് വൈകീട്ട് കൈമാറും. കണ്ണപുരം പൊലീസെടുത്ത കേസിൽ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, തൊപ്പിയുടെ അറസ്റ്റിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബർ തൊപ്പിയെ വാതിൽ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ നിന്ന് തൊപ്പിയെന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ അശ്ലീല പരാമർശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാവാൻ തൊപ്പിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വരാൻ പറ്റില്ല എന്നായിരുന്നു മറുപടി. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെ വാതിൽ ലോക്കായിപ്പോയി. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി.