‘വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ല, ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ല’; ഇസ്രയേല്‍

news image
Oct 25, 2023, 7:49 am GMT+0000 payyolionline.in

ദില്ലി: ഗാസ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കില്ലെന്നും ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേല്‍. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേലിന്‍റെ ഇന്ത്യയിലെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹാദസ് ബക്സ്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബന്ധികളെ മോചിപ്പിക്കുന്നത് വരെ ചർച്ച പോലും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.

ഇസ്രയേലിനെ ആദ്യം പിന്തുണച്ച നേതാവ് നരേന്ദ്ര മോദിയാണ്. ഇന്ത്യയിലെ പലസ്തീൻ അനകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് ചെറിയൊരു വിഭാഗമാണ്. ഇന്ത്യയിലെ കൂടുതൽ പേരും ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിലെ സാഹചര്യം എങ്ങനെയും മാറാം. ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കണം. കേരളത്തിലെ രണ്ട് കെയർഗീവർമാരുടെ സേവനം ധീരമെന്നും ഹാദസ് ബക്സ്ത് പറഞ്ഞു.

ഇതിനിടെ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ സിറിയയിലും വ്യോമാക്രണം നടത്തി.സിറിയയിൽ നിന്ന്  റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്‍റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചു. അതേസമയം, ഇസ്രയേല്‍ – പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധവും സഹായം നല്‍കുന്നതും തുടരുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ഗാസയില്‍ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി പറഞ്ഞു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 6000 കടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe