വീണ്ടും ജീവനെടുത്ത് കാട്ടാന ; ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളി ആണ് മരിച്ചത്. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ടത്.
ഇരുകാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആളുകളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു.