തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തടസമാകും വിധം തമിഴ്നാട്ടിൽ നിന്ന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കല്ലും മണലും കൊണ്ടുവരുന്നതിന് 10 ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും, 28,000 കിലോയ്ക്ക് മുകളിൽ ഭാരം ലോറിയിൽ കയറ്റരുതെന്നുമായിരുന്നു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം.
ഇതാണ് മദ്രാസ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. കല്ല് കിട്ടാത്തത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ സാരമായി ബാധിച്ചിരുന്നു. വിഷയം ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ചയായിരുന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി തമിഴ്നാട് സർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.