വിധവയെ കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, ക്വട്ടേഷൻ കൊടുത്തത് ഭർതൃസഹോദരി; 2 പേർക്ക് 5 വർഷം തടവ്

news image
Aug 29, 2026, 7:03 am GMT+0000 payyolionline.in

ഇടുക്കി: അനന്തരവകാശികളില്ലാത്ത വിധവയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരെ കൊല്ലാൻ ക്വട്ടേഷൻ എടുത്തകേസിൽ രണ്ട് പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും. ബന്ധുവായ സ്ത്രീയാണ് ക്വട്ടേഷൻ നൽകിയത്. ഇടുക്കി വെള്ളത്തൂവൽ പൈപ്പുലൈൻ ഭാഗത്ത് തോട്ടുങ്കൽ ആലീസിനെ 50,000 രൂപ ക്വട്ടേഷൻ ഉറപ്പിച്ച് കൊല്ലാൻ ശ്രമിച്ചകേസിലാണ് വിധി.

രണ്ടാംപ്രതി കൊന്നത്തടി ഒഴുകയിൽ ഷെയ്‌സ് (44), മൂന്നാംപ്രതി മന്നാംകണ്ടം മുനിത്തണ്ട് പ്ലാച്ചേരി ജയേഷ് (ചന്തു-38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണൽ ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴത്തുകയിൽ 25,000 രൂപ ആലീസിന് കൊടുക്കാനും കോടതി ഉത്തരവായി.

ആലീസിന്റെ ഭർത്തൃസഹോദരിയും ഒന്നാംപ്രതിയുമായ മേരി(45)യേയും നാലാംപ്രതി ജയേഷിനേയും ഇനിയും പിടികൂടാനായിട്ടില്ല. ഇവർ ജാമ്യത്തിലിറങ്ങി ഒളിവിൽപോകുകയായിരുന്നു.

2013 ഏപ്രിൽ 24-ന് പുലർച്ചെ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ചുകൊല്ലാനാണ് ലക്ഷ്യമിട്ടത്. മർദിക്കുന്നതിനിടെ ആലീസ് ബഹളം വെച്ചതോടെ ഇത് പാളി. ആലീസിന്റെ ഭർത്താവ് നേരത്തേ മരിച്ചതാണ്. മക്കളില്ലായിരുന്നു. മേരി ഹോംനഴ്‌സാണ്.

ആലീസിന് കുടുംബവിഹിതമായി മൂന്നേക്കറിലേറെ സ്ഥലം ഉണ്ടായിരുന്നു. അതിൽനിന്ന് മേരി വിഹിതം ആവശ്യപ്പെട്ടു. 15 സെന്റ് മേരിക്ക് നൽകി.

എന്നാൽ, അതിൽ തൃപ്തിപ്പെടാതെ ആലീസിനെ കൊന്ന് മുഴുവൻ ഭൂമിയും തട്ടിയെടുക്കാനായി മേരിയാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. 50,000 രൂപ മേരി വാഗ്ദാനം ചെയ്തു. 6000 രൂപ മുൻകൂട്ടി നൽകി. ബാക്കി കൃത്യത്തിനുശേഷം നൽകാമെന്നായിരുന്നു ധാരണ.

ശ്രമം പൊളിഞ്ഞതോടെ നാലുപേരും പോലീസിന്റെ പിടിയിലായി. അടിമാലി എസ്.എച്ച്.ഒ. കെ. ജിനദേവനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോണി അലക്‌സ് കോടതിയിൽ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe