തിരൂർ: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് (26) ആണ് പിടിയിലായത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപന നടത്താനാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങി ബാഗിൽ സൂക്ഷിച്ചാണ് പ്രതി ട്രെയിൻ മാർഗം തിരൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ പിൻവശത്തെ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഇയാൾക്ക് പ്രാദേശികമായി വിൽപന ശൃംഖലയുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, അഭയ, നസീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ആശിഷ്, ഉണ്ണിക്കുട്ടൻ, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വിൽപനയും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
