കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ബഷീറിന്റെ വീട്ടിൽവെച്ചാണ് സഹോദരങ്ങൾക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പിൽ ബഷീർ നാസറിനെയും സലീമിനെയും മോശമായി പരാമർശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്. ഇതിനിടെയാണ് ബഷീർ രണ്ടുപേരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. നാസറിന്റെ വയറിനും സലീമിൻ്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്.