വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; ഗുണനിലവാരം ചോദ്യം ചെയ്ത് യാത്രക്കാർ

news image
Jul 27, 2023, 9:58 am GMT+0000 payyolionline.in

ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം. വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പാറ്റയുള്ളതിന്‍റെ ചിത്രങ്ങൾ യുവാവ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആർ.സി.ടി.സി രംഗത്തെത്തിയിരുന്നു.”നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. വിഷയം കാര്യക്ഷമമായി പരിശോധിക്കും. ഭക്ഷണമുണ്ടാക്കുമ്പോൾ കൃത്യമായ സുരക്ഷ പാലിക്കാൻ ബന്ധപ്പെട്ട സേവനദാതാവിന് നിർദേശം നൽകിയിട്ടുണ്ട്. സേവനദാതാവിൽ നിന്നും തക്കതായ പിഴ ഈടാക്കിയിട്ടുണ്ട്” എന്നായിരുന്നു ഐ.ആർ.സി.ടി.സിയുടെ പ്രതികരണം.

റെയിൽവേയുടെ ട്വിറ്റർ പേജിൽ നിന്നും യുവാവിന് ക്ഷമാപണം ലഭിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കറ്റിന്‍റെ പകർപ്പ് ഐ.ആർ.സി.ടി.സിക്ക് കൈമാറണമെന്നും റെയിൽസേവ കൂട്ടിച്ചേർത്തു. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വന്ദേഭാരതിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe