വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

news image
Jul 4, 2026, 9:50 am GMT+0000 payyolionline.in

വടകര: തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി(71)യുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വടകരയിലെ ലേബർ കോൺട്രാക്ട് സൊസൈറ്റി മുൻ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമായ ടി വി സുധീർ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്.

മെയ് 29-നാണ് വടകരയിലെ സുധീറിന്റെ വീട്ടിലെത്തി വയോധികൻ ജീവനൊടുക്കാൻ ശ്രമിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിക്ഷേപത്തുക കിട്ടാത്തതിനാലാണ് ഇബ്രാഹിം ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. വയോധികൻ മരിച്ച സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടിയ്ക്ക് പണം നൽകാൻ സാധിച്ചിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് പറഞ്ഞിരുന്നു.

ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലിശ മാത്രമാണ് കൊടുക്കാൻ കഴിഞ്ഞതെന്നും ബഷീർ അഹമ്മദ് സമ്മതിച്ചിരുന്നു. സൊസൈറ്റി ഒരുകോടി, 69 ലക്ഷത്തിന്റെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാൻ കഴിയാത്തതെന്നും ബഷീർ പറഞ്ഞു. ഒന്നു രണ്ട് മാസം കൊണ്ട് പണം തരാം എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീർ കൂട്ടിച്ചേർത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe