ന്യൂഡൽഹി: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീകോടതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി. അടിയന്തിര ചികിത്സക്ക് വിധേയനാകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റിയത്.
സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇ.ഡി എതിര്‍ത്തു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥനായിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ശിവശങ്കറിനോട് കോടതി ചോദിച്ചു.
ഹൈകോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ശിവശങ്കർ സുപ്രിംകോടതിയെ സമീപിച്ചത്. ഇടപെടാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെ ശിവശങ്കർ ഹരജി പിൻവലിക്കുകയായിരുന്നു.