ലൈം​ഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക 13 ന് ശേഷം മാത്രം

news image
May 8, 2024, 7:57 am GMT+0000 payyolionline.in

ദില്ലി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാട്ടിൽ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം.  നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വൽ നാട്ടിൽ എത്തൂ എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാവും. കേസ് വരുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രജ്വലിന് എതിരെ പുതിയ എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിഐഡി സൈബർ സെൽ ആണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഫോണിൽ പകർത്തി എന്നതാണ് കേസ്. കർ‍ണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ  നിർദേശം നൽകിയത്.  പ്രജ്വൽ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളിൽ എസ്ഐടി പ്രത്യേക ഉ ദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, എച്ച് ഡി രേവണ്ണയെ എട്ട് മണിക്കൂറോളം പ്രത്യേകാന്വേഷണ സംഘം സിഐഡി ഓഫീസിൽ വച്ച് ചോദ്യം ചെയ്തു. ഇതിനിടെ, പ്രജ്വലിന്‍റെ മുൻ ഡ്രൈവറായ കാർത്തിക് റെഡ്ഡി ദൃശ്യങ്ങൾ ചോർത്തിയ ശേഷം ഇത് കൈമാറിയ ബിജെപി നേതാവ് ദേവരാജഗൗഡ കർണാടക പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഡി കെ ശിവകുമാറിന് ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്നും ഇത് പറയാൻ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ ആരോപണം. എന്നാൽ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്നുറപ്പായപ്പോൾ ദേവരാജഗൗഡയെ ഉപയോഗിച്ച് ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe