യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ലഹരിമാഫിയയെന്ന് സംശയം

news image
Jul 20, 2026, 12:14 am GMT+0000 payyolionline.in

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ താമസിക്കുന്ന രാജന്റെ മകൻ ബിജു (38) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ പശുവിനെ കറക്കാനായി വിളിക്കാൻ ചെന്ന അമ്മ ബേബിയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന മുറിയിൽ, കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയുധം കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.

​പശുക്കച്ചവടക്കാരനായ ബിജുവിനെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വീടിന് സമീപത്തെ ഗ്രൗണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ബിജു കൈമാറിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബം സംശയിക്കുന്നത്. പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിലാണ് ബിജു താമസിച്ചിരുന്നത്.

​സംഭവത്തിൽ നിർണായകമായ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു. വിരലടയാള, ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാളയത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അവിവാഹിതനായ ബിജുവിന്റെ സഹോദരി ബിന്ദുവാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe