കോട്ടയം: കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്ന സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായി. ജീവനക്കാരായ ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 71 ലാപ്ടോപ്പുകൾ, മൂന്ന് ഐ ഫോണുകൾ, നാല് ഐ പാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം കടയിൽ നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തുടർച്ചയായി കടയിൽ നിന്ന് സാമഗ്രികൾ മോഷ്ടിച്ചു വരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടിച്ച വിലപിടിപ്പുള്ള ഫോണുകളും ലാപ്ടോപ്പുകളും ഇവർ എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലാണ് മറിച്ചുവിറ്റത്. സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
കോട്ടയം റിലയൻസ് ഡിജിറ്റലിൽ 60 ലക്ഷത്തിന്റെ മോഷണം, 71 ലാപ്ടോപ്പുകളും മൂന്ന് ഐ ഫോണുകളുമടക്കം മോഷ്ടിച്ച രണ്ട് ജീവനക്കാർ അറസ്റ്റിൽ
Sep 3, 2026, 10:45 am GMT+0000
payyolionline.in
