മാഹി: ഓൺലൈൻ തട്ടിപ്പിലൂടെ മാഹിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന അരലക്ഷം രൂപ. മാഹിയിലെ ലോഡ്ജിൽ ദീർഘകാലമായി ജോലി ചെയ്യുന്ന സാജൻ ബട്ടാരി (34) എന്നയാളാണ് 49,500 രൂപ നഷ്ടമായെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.ഓൺലൈൻ വഴിയാണ് ഒരാൾ സാജൻ ബട്ടാരിക്ക് ജോലി വാഗ്ദാനം ചെയ്തത്. ഗർഭം ധരിക്കാത്ത യുവതികളെ ചികിത്സിക്കുന്ന ക്ലിനിക്കിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് ഇടപാട് നടന്നത്. സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് ഗർഭം ധരിപ്പിക്കുകയാണ് ജോലിയെന്ന് തട്ടിപ്പുകാരൻ ഇയാളെ വിശ്വസിപ്പിച്ചു. 24 ലക്ഷം രൂപയാണ് പ്രതിഫലമായി പറഞ്ഞത്. മുൻകൂറായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും വിശ്വസിപ്പിച്ചു.
തുടർന്ന് ഒരു സന്ദേശം കൂടി വന്നു. കമ്പനിയിൽ ജോലിക്ക് കയറുവാനുള്ള അപ്ലിക്കേഷൻ ഫീസ്, പ്രൊസസിങ് ഫീസ് എല്ലാം ചേർത്ത് 49,500 രൂപ അടയ്ക്കുവാനുള്ള അറിയിപ്പായിരുന്നു സന്ദേശം. ഇതിനൊപ്പം ക്യു.ആർ കോഡും ഉണ്ടായിരുന്നു. തട്ടിപ്പുകാർ പറഞ്ഞ കാര്യങ്ങളെല്ലാം ഇയാൾ ചെയ്യുകയും ചെയ്തു.ഉടൻ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ തന്റെ നിക്ഷേപത്തിൽ നിന്ന് 49,500 രൂപ നഷ്ടപ്പെട്ടതായി സാജൻ ബട്ടാരിക്ക് മനസിലായി. ഇതോടെ, പണം നഷ്ടപ്പെട്ട കാര്യം ജോലി ചെയ്യുന്ന ലോഡ്ജിൻ്റെ ഉടമയെ അറിയിച്ചു. തുടർന്ന് മാഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിൻ്റ സഹായത്തോടെ മാഹി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.