മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ കെ.സുധാകരനും മോന്‍സണും

news image
Jul 1, 2023, 11:20 am GMT+0000 payyolionline.in

തിരുവനന്തപുരം : പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മൊഴി നല്‍കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലോക്‌സഭാ സ്പീക്കറിന് സുധാകരന്‍ നല്‍കിയ പരാതിയിലുള്ളത്.

പോക്‌സോ കേസില്‍ കെ സുധാകരനെതിരെ പേര് പറയാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന ആരോപണവുമായി മോന്‍സണ്‍ മാവുങ്കല്‍ രംഗത്തെത്തി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മോന്‍സണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി എഴുതിനല്‍കി.

മോന്‍സണ്‍ കേസിന് പിന്നാലെ കെ സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി. എം പി എന്ന നിലയില്‍ വരുമാനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലന്‍സ് അറിയിച്ചു.

സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല്‍ തുടങ്ങിയതാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കള്ളപ്പണം അക്കൌണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe