മുന്‍ എസ്എഫ്‌ഐ നേതാവിന് വേണ്ടി അസാധാരണ വേഗത്തില്‍ ഇടപെടല്‍; പിഎസ്‌സിക്കെതിരെ വീണ്ടും പരാതി

news image
Nov 2, 2026, 3:12 am GMT+0000 payyolionline.in

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വീണ്ടും പരാതി. ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ആണ് പരാതി നല്‍കിയത്. ഒന്നാം റാങ്ക് നേടിയ എസ്എഫ്‌ഐ നേതാവിന് വേണ്ടി അസാധാരണ വേഗത്തില്‍ ഇടപെടല്‍ നടന്നുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതിരുന്ന എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് ജിതിന്‍ കെ.ജെ. എന്ന ഉദ്യോഗാര്‍ത്ഥിക്കാണ് Dysp മാരുടെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കി നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.

2019-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ആദ്യ റാങ്കുകളില്‍ കടന്നു കൂടിയ തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് ഇതിലും നടന്നിട്ടുള്ളതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നത്. ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തില്‍ മൂന്നാം ക്ലാസില്‍ ബി കോം പാസായ വ്യക്തിയാണ്, സബ് ഇന്‍സ്പെക്ടര്‍, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന മത്സര പരീക്ഷ എഴുതിയ ഉയര്‍ന്ന യോഗ്യതയുള്ളവരെ പിന്തള്ളി ഒന്നാം റാങ്ക് നേടിയത്. എറണാകുളം ജില്ലയിലെ വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാരെ കൈയേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉള്‍പ്പെടെ നിരവധി എഫ്‌ഐആറുകള്‍ ജിതിന്റെ പേരില്‍ നിലവിലുണ്ടെന്നും ആരോപണമുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലവില്‍ വന്ന ഈ റാങ്ക് ലിസ്റ്റിലെ പിഎസ്‌സിയുടെ അടിയന്തര നടപടികളില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2025 സെപ്റ്റംബറിലാണ് ഡിവൈഎസ്പി തസ്തികയിലേക്ക് 17,000-ത്തോളം പേരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. സാധാരണ മാസങ്ങള്‍ നീളുന്ന നടപടികള്‍ വേഗത്തിലാക്കി, ഡിസംബര്‍ 25-ന് തന്നെ എഴുത്തുപരീക്ഷ നടത്തി. തുടര്‍ന്ന് 2026 മാര്‍ച്ച് 26-ന് ഫിസിക്കല്‍ ടെസ്റ്റും, ഏപ്രില്‍ 26-ന് 35 പേരുടെ ഇന്റര്‍വ്യൂവും പൂര്‍ത്തിയാക്കി. മേയ് 6-ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. PSC ചെയര്‍മാന്‍ എം.ആര്‍. ബൈജു നേരിട്ട് പങ്കെടുത്ത ഇന്റര്‍വ്യൂവില്‍, എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ പിന്നിലാക്കാന്‍ ക്രമവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.

1983-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തിനു ശേഷം ഇതാദ്യമായാണ് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നത്. പിഎസ്‌സി അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും ജിതിന് ഇതുവരെ പൊലീസ് ട്രെയിനിംഗിന് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, വിജ്ഞാപനം മുതല്‍ റാങ്ക് പട്ടിക വരെയുള്ള മുഴുവന്‍ നടപടികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജിതിന്റെ പൊലീസ് ട്രെയിനിംഗിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe