മുതലപ്പൊഴിയിൽ വീണ്ടും അപകടം; 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

news image
Aug 3, 2023, 2:30 am GMT+0000 payyolionline.in

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്.  രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ സംയുക്തമായുള്ള തിരച്ചിൽ ആരംഭിച്ചു. മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും ഇവിടെ തിരച്ചിൽ നടത്തുന്നുണ്ട്. 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാ​ഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടായി.  നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധന വകുപ്പിന്റെ ബോട്ടിൽ ഇദ്ദേഹത്തെ ഹാർബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe