മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ: വീടുകൾ അപകടഭീഷണിയിൽ, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

news image
Jul 5, 2026, 3:43 am GMT+0000 payyolionline.in

ചോമ്പാല : ദേശീയപാതയിൽ മുക്കാളിയിൽ രണ്ടുവർഷം മുൻപ് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായതിന് സമീപം വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. ശനിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ഏതാണ്ട് 15 മീറ്റർ ഉയരത്തിലും 20 മീറ്റർ നീളത്തിലുമായി ഉണ്ടായ ഈ മണ്ണിടിച്ചിലിൽ പ്രദേശത്തെ നാല് വീടുകൾ കനത്ത അപകടഭീഷണിയിലായി. നേരത്തെ പാർശ്വഭിത്തി സംരക്ഷണത്തിന് സോയിൽ നെയിലിങ് നടത്തിയ ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞുവീണത്. നിലവിൽ പാർശ്വഭിത്തി സംരക്ഷണത്തിനായി ഗൾഫാറിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്ന പ്രവൃത്തി നടക്കുന്നതിന് തൊട്ടടുത്താണ് ഈ അപകടമുണ്ടായത്. വടക്കേപുനത്തിൽ അഭിലാഷ്, വടക്കെപുനത്തിൽ ഭാസ്കരൻ, കൈതോക്കുന്നുമ്മൽ സുഭാഷ്, കൈതോക്കുന്നുമ്മൽ ദേവരാജ് എന്നിവരുടെ വീടുകളാണ് ഭീഷണിയിലായിരിക്കുന്നത്.

 

​ഇതിൽ ദേവരാജ് ഒഴികെയുള്ള മൂന്ന് കുടുംബങ്ങൾ കഴിഞ്ഞ മണ്ണിടിച്ചിലിന് ശേഷം തന്നെ ഇവിടെനിന്നും മാറിത്താമസിച്ചിരുന്നു. പുതുതായി നിർമാണം നടക്കുന്ന അഭിലാഷിന്റെ വീടിന്റെ തൊട്ടടുത്തുവരെ മണ്ണൊലിച്ചുപോയത് കെട്ടിടത്തിന്റെ സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ട്. അവശേഷിച്ച ദേവരാജിന്റെ കുടുംബത്തോടും റവന്യൂവകുപ്പിന്റെ നിർദേശപ്രകാരം ബന്ധുവീട്ടിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കായി അടുത്തദിവസം ഒഞ്ചിയം പഞ്ചായത്ത് ഇടപെട്ട് വാടകവീട് ഏർപ്പാടാക്കി നൽകുമെന്നും ഇതിന്റെ വാടക കരാർ കമ്പനിയായ വാഗഡ് നൽകുമെന്നും ധാരണയായിട്ടുണ്ട്. വടകര ആർ.ഡി.ഒ. കെ.കെ. പ്രസിൽ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണ‌ൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് ഷജിന കൊടക്കാട്ട്, തഹസിൽദാർ ലതേഷ് കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിഷയത്തിൽ ഇടപെട്ട ഷാഫി പറമ്പിൽ എം.പി. ഇത് ചർച്ച ചെയ്യുന്നതിനായി വരുംദിവസം കളക്‌ടറേറ്റിൽ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe