ന്യൂഡൽഹി: ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും ഒരുക്കാൻ റെയിൽവേ. റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം വിളമ്പുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾക്ക് സമീപമായി പ്ലാറ്റ്ഫോമുകളിൽ സ്ഥാപിക്കും.
ഭക്ഷണം രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യത്തേതിൽ ഏഴ് പൂരികളും ഉരുളക്കിഴങ്ങ് കറിയും അച്ചാറും 20 രൂപയ്ക്ക് ലഭിക്കും. രണ്ടാമത്തേതിൽ ഉച്ചഭക്ഷണം 50 രൂപക്ക് ലഭിക്കും. ചോറ് , രാജ്മ, ഛോലെ, കിച്ചടി കുൽച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവയൊക്കെയാണ് ഇതിൽ വരിക.
ഐ.ആർ.സി.ടി.സിയുടെ അടുക്കള യൂനിറ്റുകളിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്യേണ്ടതെന്നും ഉത്തരവിൽ പറയുന്നു.ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 51 സ്റ്റേഷനുകളിൽ ഇത് നടപ്പാക്കിയിട്ടുണ്ട്, വ്യാഴാഴ്ച മുതൽ ഇത് 13 സ്റ്റേഷനുകളിൽ കൂടി ലഭ്യമാകും. സാധാരണയായി മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ ട്രെയിനുകളിൽ കുറഞ്ഞത് രണ്ട് ജനറൽ കോച്ചുകളെങ്കിലും മുന്നിലും പിന്നിലുമുണ്ടാകും.