ആലുവ> മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക ഗ്യാസ് ക്രിമറ്റോറിയമാക്കി നവീകരിച്ച എടത്തല പുക്കാട്ടുമുകള്‍ ശ്മശാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കനത്തപിഴയും തടവും ചുമത്താനാണ് തീരുമാനം. മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടികുറയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനം നവീകരിച്ചത്. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനായി. എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍, എം എ അബ്ദുള്‍ ഖാദര്‍, റൈജ അമീര്‍, അസീസ് മൂലയില്‍, സുധീർ മീന്ത്രക്കൽ, ആബിദ ഷെറീഫ്, എം എ അജീഷ്, അസ്മ ഹംസ, സുമയ്യ സത്താര്‍, ഹസീന ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.