മഴക്കാല രോഗവ്യാപനം: തിക്കോടി പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ

news image
Jun 16, 2026, 5:24 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗങ്ങൾ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ തിക്കോടി മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വൈറൽ പനിയും ഡെങ്കിപ്പനിയും മൂലം ഒട്ടനവധി ജനങ്ങളാണ് നിലവിൽ ദുരിതമനുഭവിക്കുന്നത്. ഇതിനിടയിൽ രണ്ടു ദിവസം മുൻപ് തന്നെ പഞ്ചായത്തിൽ മലേറിയ (മലമ്പനി) രോഗബാധ സ്ഥിരീകരിച്ചിട്ടും ഈ വിവരം പൊതുജനങ്ങളിൽ നിന്ന് ഭരണസമിതി മറച്ചുവെച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗവിവരം ഇന്നലെ മാത്രമാണ് പുറംലോകം അറിയുന്നത് എന്നത് അതീവ ഗൗരവതരമായ വിഷയമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വൻ പ്രചാരണത്തോടെ നടപ്പാക്കിയതായി പഞ്ചായത്ത് ഭരണസമിതിയും പ്രസിഡന്റും അവകാശപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഭരണസമിതി പൂർണ്ണമായും പരാജയപ്പെട്ടു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനു പകരം വെറും പി.ആർ. പ്രവർത്തനങ്ങൾക്കും സ്വയംപ്രചാരണത്തിനുമാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതായി ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യനിർമാർജനവും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഉണ്ടായ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായത്. മാരകമായ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും ജനങ്ങളെ ബോധവൽക്കരിക്കാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് ആശങ്കാജനകമാണ്.

ഇനിയെങ്കിലും രോഗവ്യാപനത്തിന്റെ യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കാനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം. ജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിക്കുന്ന വിഷയങ്ങളിൽ വെറും പബ്ലിസിറ്റിയല്ല, ഉത്തരവാദിത്തബോധത്തോടെയുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യോ​ഗത്തിൽ മേഖലാ സെക്രട്ടറി എൻ.കെ. റയീസ്, പ്രസിഡന്റ് അഖിലേഷ് തിക്കോടിഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe